Kottathalachi Hill on a night

ഉയരങ്ങൾ കീഴടക്കുമ്പോൾ മനുഷ്യന്റെ ഭയപ്പാടുകൾ പിടഞ്ഞു ചാവും. കാടിനെ അറിയുമ്പോൾ അറിവുകൾ എത്ര ചെറുതായിരുന്നെന്നും മനുഷ്യനു ബോധ്യമായി തുടങ്ങും. കാടിനെ തേടിയുള്ള യാത്രകളിൽ ഗിരിശൃഗങ്ങളാണ് വിശ്രമത്തിനുള്ള പായ വിരിച്ചു തരാറുള്ളത്. യാദൃശ്ചികമായി പരിചയപ്പെട്ട കൂട്ടുകാരോടൊപ്പം നടത്തിയ കാടിനെ തേടിയുള്ള യാത്രയുടെ അനുഭവക്കുറിപ്പുകളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. കാടിനെ തേടിയുള്ള ആ യാത്ര അവസാനിക്കുമ്പോൾ മനസ് നിറയെ കാടു പൂത്തിരുന്നു. കേട്ടറിഞ്ഞതിനപ്പുറം അനുഭവങ്ങളുടെ കാടായിരുന്നത് …

കൊട്ടത്തലച്ചിയെ പുണർന്ന രാത്രി

Kottathalachi Hill

Kottathalachi Hill

കണ്ണൂർ ജില്ലയുടെ അതിർത്തി ഗ്രാമമായ ഉദയഗിരിയിലേക്കുള്ള യാത്രയാണ് കൊട്ടത്തലച്ചിയിലേക്കുള്ള വഴി കാണിച്ചു തന്നത്. രാത്രിക്കാഴ്ചയിൽ നിലാവിൽ മുങ്ങിക്കിടന്ന ഉദയഗിരിയുടെ മലമടക്കുകൾ മനസിൽ കോറിയിട്ട അനുഭൂതി മാത്രമായിരുന്നു കൊട്ടത്തലച്ചിയെ കുറിച്ചുള്ള ഏക അറിവ്. റോഡുകൾ താണ്ടിയുള്ള യാത്ര നാലു കിലോമീറ്റർ ഇപ്പുറം കാൽപ്പാദങ്ങൾക്കായി വഴിമാറി. പിന്നിടങ്ങോട്ട് നടത്തമായി. ഫോർ വീൽ വാഹനങ്ങൾ കുറച്ചു കൂടി മുന്നോട്ടു പോയേനെ. യാത്രയ്ക്കിടയിൽ കൂട്ടുപോന്ന ക്യാമറ ചിത്രശലഭങ്ങൾക്കു പിറകെ പോയതോടെ കൊട്ടത്തലച്ചിയിലേക്കുള്ള ദൂരം ഇരട്ടിയായി, ഒപ്പം വഴിയും തെറ്റി. ഒടുവിൽ യാത്ര പാതി വഴിയിൽ ഉപേക്ഷിച്ച് മനസില്ലാമനസോടെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരായ റോബിനും ലിജിനുമൊപ്പം തിരികെ വാഹനത്തിലേക്ക്. ഞങ്ങൾക്കു മുമ്പേ യാത്ര തുടർന്ന ജംഷീർ തിരിച്ചെത്തി കൊട്ടത്തലച്ചിയുടെ സൗന്ദര്യം മനസിൽ കോറിയിട്ടപ്പോ വലിയ നഷ്ടമായി തോന്നി. ഈ അവസരം നഷ്ടപ്പെടുത്താൻ മനസ് അനുവദിക്കാത്തതിനെ തുടർന്ന് രാത്രി അവിടെ തങ്ങിയാലോ എന്ന ചോദ്യം മനസ് തന്നെ ആവർത്തിക്കുകയായിരുന്നു. ഒടുവിൽ തിരിച്ചു പോകാൻ നിർബന്ധിതരായവരെ ബസ് കയറ്റി വിട്ട്, പെരിങ്ങോം പുഴയിൽ നിന്ന് കുളിയും കഴിഞ്ഞ് രാത്രി ഏഴരയോടെ വീണ്ടും കൊട്ടത്തലച്ചി മലയിലേക്ക്….
നടപ്പാത അവസാനിക്കുന്നിടത്തു നിന്നു പിന്നെ കുരിശുമല കയറ്റമാണ്. മലയുടെ ഒരു ഭാഗം വനം വകുപ്പിന്റെയും പ്രധാനമല ക്രിസ്ത്യൻ പള്ളിയുടെ അധീനതയിലുമാണ്. ചെങ്കുത്തായ കയറ്റം കയറുമ്പോൾ ഒരോ കുരിശും മുകളിലേക്കുള്ള സൂചകങ്ങളാവും. മഴക്കാലമായതിനാൽ ഒരാൾ പൊക്കത്തിൽ പുല്ല് വളർന്നിരുന്നു. ഇരുട്ടിനേയും പുല്ലിനേയും വകഞ്ഞു മാറ്റി ചീവിട്ടുനൊപ്പം മത്സരിക്കുകയായിരുന്നു ശ്വാസനിശ്വാസം. അര മണിക്കുറോളം നീളുന്ന യാത്രയ്ക്കൊടുവിൽ മലയുടെ മുകളിലെത്തി. കരിങ്കല്ലു കൊണ്ട് കെട്ടി നിറുത്തി നിരപ്പാക്കിയ മലയുടെ മുകളിൽ സെന്റ് തോമസിന്റെ രൂപ കൂടും വിശ്വാസികൾക്ക് പ്രാർത്ഥിക്കാനുള്ള സൗകര്യവുമുണ്ട്. മഞ്ഞു വീണു കുതിർന്ന മലയുടെ മുകളിൽ നിന്നും രാത്രിയിൽ താഴോട്ട് നോക്കിയാൽ ആകാശം വിട്ടൊഴിഞ്ഞ് നക്ഷത്രക്കൂട്ടം ഭൂമിയിൽ പതിച്ചോ എന്ന് സംശയിച്ചു പോകും. പ്രകാശിക്കുന്ന കുത്തുകളായി നഗരങ്ങളെയും ഗ്രാമങ്ങളെയും വരച്ചിടാനുള്ള ശ്രമത്തിലായിരുന്നു വൈദ്യൂത ലാമ്പുകൾക്ക്.
രാത്രി ഏഴരയോടെ തുടങ്ങിയ യാത്ര എട്ടരയോടെ അവസാനിച്ചു. പുറത്ത് നല്ല തണുപ്പുണ്ടായിരുന്നെങ്കിലും അകം കിതയ്ക്കുകയായിരുന്നു. ഉയരങ്ങൾ കീഴടക്കിയ തണുപ്പിനൊപ്പം ഇണചേർന്ന് രാത്രിയുടെ അനുഭൂതിയിലേക്ക് മനസിനെ മെരുക്കാൻ ശ്രമിക്കുകയായിരുന്നു. തണുപ്പ് ശരീരത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനു മുമ്പ് കൈയിൽ കരുതിയ കപ്പയും കറിയും അകത്താക്കി യാത്രയ്ക്കൊപ്പം കൊണ്ടുവന്ന ടെന്റിനെ കെട്ടി പുണർന്നു കിടന്നു.
തണുപ്പിന്റെ ശിൽക്കാരം കേട്ടാണ് രാവിലെ ഉണർന്നത്. വെളിച്ചം പരക്കാൻ തുടങ്ങിയതോടെ കൊട്ടത്തലച്ചി മലയുടെ സൗന്ദര്യവും വ്യക്തമാകാൻ തുടങ്ങി. പ്രകാശകിരണങ്ങൾക്കിടയിൽ സമീപത്തെ മലയിടക്കുകളിൽ മഞ്ഞ് പാൽ ചുരുത്തുന്നുണ്ടായിരുന്നു. കൊട്ടത്തലച്ചിയുടെ നാലുഭാഗവും സഞ്ചാരികൾക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കുന്നുണ്ട്. മുകളിലോട്ട് നടക്കുമ്പോൾ കൂറ്റൻ പാറക്കൂട്ടങ്ങൾ വിശ്രമിക്കാനൊരിടം സഞ്ചാരികൾക്കായി മാറ്റി വയ്ക്കുന്നുമുണ്ട്.
കേട്ടറിഞ്ഞ കണ്ണൂരിനപ്പുറം അന്വേഷിച്ച് കണ്ടെത്തേണ്ട ചിലതൊക്കെ ഈ ജില്ല സഞ്ചാരികൾക്കായി ഒളിപ്പിച്ചു വയ്ക്കുന്നുണ്ടെന്നാണ് യാഥാർത്ഥ്യം…

Read Also:   Quad bikes at Payyambalam beach, Kannur

ചെറുപുഴ പെരിങ്ങോം വഴി ഇവിടെയെത്താം

%d bloggers like this: